അവർ എല്ലാവരും ഒന്നാകേണ്ടതിന്

യേശുവിന്റെ ഐഹിക ജീവിതത്തിലെ അവസാന ദിവസങ്ങളുടെ ചരിത്രത്തിൽ യോഹന്നാൻ പതിനേഴാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ അർഥഗാംഭീര്യമാർന്ന പ്രാർത്ഥനയുടെ വാക്കുകളിൽ മനോഹരമായ ഒരു പ്രയോഗമാണ് അവർ എല്ലാവരും ഒന്നാകേണ്ടതിന്. യോഹന്നാൻ 17 :21 ൽ യേശു പിതാവിനോട് പ്രാർത്ഥിച്ച പ്രാർത്ഥന വാചകം ഇങ്ങനെയാണ് " പിതാവേ, നീ എന്നെ അയച്ചിരിക്കുന്നു എന്ന് ലോകം വിശ്വസിക്കാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന് തന്നെ " ഇവിടെ ദൈവവും മനുഷ്യരും തമ്മിലും മനുഷ്യരും മനുഷ്യരും തമ്മിലും ഉള്ള കൂട്ടായ്മയുടെ ആവശ്യകതയാണ് സൂചിപ്പിക്കപ്പെടുന്നത്. യോഹന്നാൻ 17 :21- 23 വരെയുള്ള വാക്യങ്ങളിൽ നിന്നുകൊണ്ട് കൂട്ടായ്മ എന്ന വിഷയത്തെ വിശദമാക്കാൻ ശ്രമിക്കുകയാണ് ഈ എഴുത്തിലൂടെ. ആത്മാർത്ഥമായ സഹകരണം, സഖിത്വം, ഐക്യമായ കൂട്ടുകെട്ട് എന്നൊക്കെ കൂട്ടായ്മ എന്ന പദത്തിന് അർത്ഥം ഉണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വിപുലമായതും അർത്ഥഗാംഭീര്യമുള്ളതുമാണ് ക്രിസ്തീയ കൂട്ടായ്മ. മുകളിൽ പറഞ്ഞ ബൈബിൾ വാക്യങ്ങളിൽ നിന്നും കൂട്ടായ്മയെ ഇങ്ങനെ നിർവചിക്കാം' പിതൃ പുത്ര പരിശുദ്ധാത്മാവാം ത്രിയേക ദൈവത്തോട് സൃഷ്ടിയായ മനുഷ്യൻ ഇഴുകിച്ചേരുകയും,ദൈവവുമായി ഇഴുകിച്ചേരുന്ന മനുഷ്യൻ മറ്റു മനുഷ്യരോടും ഏകീഭവിക്കുന്ന ഒന്നാണ് കൂട്ടായ്മ' പഴയ പുതിയ നിയമങ്ങളിൽ നിന്നുകൊണ്ട് കൂട്ടായ്മ എന്ന പദത്തെയും അതിന്റെ ആശയത്തെയും ഇവിടെ വിശദമാക്കാൻ ശ്രമിക്കുകയാണ്.
*കൂട്ടായ്മ :പഴയ നിയമത്തിൽ*
പഴയനിയമത്തിൽ കൂട്ടായ്മ എന്ന ആശയം ഉണ്ടാകാനുള്ള സാഹചര്യം ദൈവത്തിന് മനുഷ്യരോടൊത്ത് വസിപ്പാനുള്ള താൽപര്യത്തിൽ നിന്നാണ്. മനുഷ്യസൃഷ്ടി തന്നെ കൂട്ടായ്മ എന്ന ദൈവാശയത്തെ മുൻനിർത്തിയാണ്. ആദ്യ ദൈവ -മനുഷ്യ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ച സ്ഥലം ഏദൻതോട്ടം ആയിരുന്നു. അത് ദൈവം നിർമ്മിച്ചതായിരുന്നു എന്ന് വരുമ്പോൾ കൂട്ടായ്മയ്ക്ക് ഒരിടം എന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്ന് തിരിച്ചറിയാം. മനുഷ്യനോട് കൂട്ടായ്മ ആചരിക്കാൻ ഒരിടം ദൈവം ഒരുക്കുന്നു എന്നത് വളരെ ഗൗരവമുള്ളതാണ്. മാത്രമല്ല ആ സ്ഥലത്തേക്ക് ദൈവം എത്തുകയാണ് മനുഷ്യന്റെ അരികിലേക്ക്. മനുഷ്യൻ ദൈവം ഇരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയല്ല ദൈവം മനുഷ്യൻ ആയിരിക്കുന്ന സ്ഥലത്തേക്ക് എത്തുകയാണ്. അങ്ങനെയാണെങ്കിൽ കൂട്ടായ്മ എന്നതിൽ എത്രമാത്രം ദൈവം താല്പര്യപ്പെടുന്നു എന്നുള്ളതും, അതിൽ സമയം കണ്ടെത്തുന്നു എന്നതും വളരെ പ്രാധാന്യമുള്ളതാണ്. ദൈവിക കൂട്ടായ്മയിൽ നിലനിൽക്കെ അതിൽനിന്ന് വ്യതിചലിച്ച് പാപം ചെയ്തു ദൈവത്തിന്റെ കൂട്ടായ്മ എന്ന ആശയത്തെ ആദ്യ മനുഷ്യർ അട്ടിമറിച്ചെങ്കിലും ദൈവീക കൂട്ടായ്മയുടെ വ്യക്തമായ ഇടപെടൽ പഴയ നിയമചരിത്രത്തിൽ നിരന്തരം ആവർത്തിക്കുകയാണ്. ഹാനോക്കും ദൈവവുമായുള്ള കൂട്ടായ്മ ഒരു ഉദാഹരണമാണ്. അബ്രഹാമുമായുള്ള ദൈവിക കൂട്ടായ്മ ഇസഹാക്കിലേക്കും തുടർന്ന് യാക്കോബിലേക്കും എത്തുമ്പോൾ കുറെക്കൂടെ വിശാലമാവുകയാണ്. യാക്കോബിനോട് ദൈവം ഇടപെടുന്നത് നീ എവിടെ പോയാലും നിന്നെയും നിന്റെ സന്തതികളെയും ഞാൻ തിരികെ ശേഖരിക്കും എന്ന വാഗ്ദത്വത്തോടുകൂടിയാണ്. പിന്നീട് ആ കൂട്ടായ്മ ഇസ്രയേൽ എന്ന സമൂഹത്തിലേക്ക് എത്തിനിൽക്കുന്ന കാഴ്ചയാണ് പഴയനിയമം നൽകുന്നത്. പഴയനിയമത്തിലെ ദൈവിക കൂട്ടായ്മയുടെ ചില പ്രകടമായ തെളിവുകൾ നമുക്ക് പരിശോധിക്കാം.
1.സമാഗമനകൂടാരം മരുഭൂമിയിൽ
തന്റെ ജനത്തോടൊപ്പം വസിക്കാൻ ദൈവം ആഗ്രഹിച്ചു എന്നതിന്റെ പ്രകടമായ ഒരു തെളിവാണ് സമാഗമന കൂടാരം. മോശയുടെ നിർദ്ദേശപ്രകാരം സമാഗമന കൂടാരത്തിന്റെ നാല് വശങ്ങളിലായി ഇസ്രായേൽ ജനം പാളയം അടിച്ചു പാർത്തു. ഓരോ ഗോത്രത്തിനും, പുരോഹിതന്മാർക്കും പാർക്കേണ്ട നിശ്ചിത സ്ഥലങ്ങൾ ഉണ്ടായിരുന്നു. ദൈവം അവരുടെ മധ്യേ വസിച്ചു. ഈ കൂട്ടായ്മയ്ക്ക് കൃത്യതയുണ്ടായിരുന്നു, ക്രമീകൃതമായിരുന്നു എന്നതാണ് നാം ഉൾക്കൊള്ളേണ്ടത്. തന്റെ ജനത്തിനൊപ്പം ദൈവത്തിന്റെ കൂടാരം
2. അഗ്നിമേഘ സ്തംഭങ്ങൾ
എല്ലായിപ്പോഴുമുള്ള ദൈവിക കൂട്ടായ്മയുടെ പ്രതീകങ്ങളാണിവ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്റെ ജനത്തോടൊപ്പം സഞ്ചരിക്കുന്ന ദൈവം. ഏദനിൽ ആദ്യ മനുഷ്യർക്കൊപ്പം നടന്ന ദൈവത്തെ ഇവിടെ കണ്ടെത്താം. 'ഒപ്പം നടക്കുന്ന ദൈവം'. കൂട്ടായ്മയുടെ സ്വഭാവം കൂടെ ഇവിടെ തിരിച്ചറിയപ്പെടുന്നു. അന്ധകാരത്തിൽ ഇരിക്കുന്നവർക്ക് വെളിച്ചമാണ് കൂട്ടായ്മ, ചൂട് എറുമ്പോൾ തണലാണ് കൂട്ടായ്മ. ജനത്തിന് അവരുടെ ആവശ്യത്തിന് എന്താകണമോ അതായിത്തീരുന്ന ദൈവം അത് കൂട്ടായ്മയുടെ ദൃഢതയാണ് വെളിപ്പെടുത്തുന്നത്. ആ ദൃഢത മനുഷ്യർക്ക് പരസ്പരമുള്ള കൂട്ടായ്മയിലും ഉണ്ടാകേണ്ടതാണ്.
3. യഹോവയുടെ പെട്ടകം
ദൈവീക കൽപ്പനയുടെയും, കരുതലിന്റെയും, ബന്ധത്തിന്റെയും പ്രതീകമായവയുടെ സാന്നിധ്യം പേറുന്ന പെട്ടകം ജനത്തിന്റെ നടുവിലും, ആലയത്തിലും, യുദ്ധസ്ഥലങ്ങളിലും കൂട്ടായ്മയുടെ പ്രതീകമായി നിലകൊണ്ടു. ദൈവവുമായുള്ള കൂട്ടായ്മ ശത്രുവിനെ ജയിക്കുന്നതിന്റെ കാരണമായും കൂട്ടായ്മയുടെ തകർച്ച തോൽവിക്കു കാരണമാകും എന്നും ഈ പ്രതീകം നമ്മെ പഠിപ്പിക്കുകയാണ്. പെട്ടകം ചുമക്കുകയാണ് പുരോഹിത കുലമായ കെഹാത്യർ. അത് വളരെ ശ്രമകരമായ ഒരു ജോലി ആയിരുന്നു. സൂക്ഷ്മമായി ചെയ്യേണ്ട ഒരു കാര്യം. അബദ്ധങ്ങളോ വീഴ്ചകളോ സംഭവിക്കാൻ പാടില്ലാത്തത്. അതുകൊണ്ടുതന്നെ വളരെ സങ്കീർണ്ണം ആയിരുന്നു ആ ചുമട്. പക്ഷേ അത് കൃത്യമായി ഉപയോഗിച്ചപ്പോളെല്ലാം വിജയം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ഇവിടെ ദൈവത്തോടുള്ള കൂട്ടായ്മയിൽ മനുഷ്യൻ ശ്രദ്ധിക്കേണ്ടതും സ്വീകരിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങൾ ഉണ്ട് എന്ന ആശയത്തെ കണ്ടെത്താൻ കഴിയും. ഇസ്രയേൽ എന്ന സമൂഹത്തോടുള്ള ദൈവീക കൂട്ടായ്മയ്ക്ക് താങ്ങായി നിൽക്കുന്ന ചില ചുമലുകളെ കാണേണ്ടതുണ്ട്. ക്ഷീണിക്കുമ്പോൾ, തളരുമ്പോൾ മാറിമാറി ചുമക്കുന്ന ചില ചുമലുകൾ.
4. യെരുശലേം ദൈവാലയം
വാഗ്ദത്വ നാട്ടിലെത്തിയ ജനത്തിന്റെ ആരാധനസ്ഥലമായി ശലോമോൻ പണിത ദൈവാലയം പിൽക്കാലത്ത് മാറ്റപ്പെടുമ്പോൾ അവിടെയും തന്റെ ജനത്തോടൊപ്പം കൂട്ടായ്മ വെളിപ്പെടുത്തുന്ന ദൈവത്തെയാണ് നാം പരിചയപ്പെടുന്നത്. ആലയം എപ്പോഴും സജീവമാണ്. യാഗങ്ങളും, പ്രാർത്ഥനാനിരതമായ അന്തരീക്ഷങ്ങളും, മനോഹരമായ ഗാനങ്ങളാൽ മുഖരിതവുമായ അന്തരീക്ഷം. ഹൃദയം പകരാൻ കഴിയുന്ന ഇടമായും ഈ കൂട്ടായ്മ സ്ഥലം മാറുന്നു. വാഗ്ദത്ത നിവർത്തിക്ക് ശേഷം ജനം ദൈവത്തിന്റെ കൂട്ടായ്മയ്ക്ക് വേണ്ടി ആലയത്തിലേക്ക് എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്. ദൈവം മനുഷ്യനെ കാത്തിരിക്കുന്നു എന്നൊരു ധ്വനി അതിനകത്ത് കാണാം. ആലയങ്ങൾ കൂട്ടായ്മയുടെ ഇടമാണ് അത് അങ്ങനെ അല്ലാതെ വരുമ്പോഴാണ് ചാട്ടവാർ എടുക്കുന്ന യേശുവിനെ നാം കാണുന്നത്.
പഴയ നിയമത്തിൽ മനുഷ്യൻ നശിപ്പിച്ചു കളഞ്ഞ ദൈവത്തോടുള്ള കൂട്ടായ്മയെ പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നതും ദൈവമാണ് എന്ന യാഥാർത്ഥ്യം മുൻപ് സൂചിപ്പിച്ച പ്രതീകങ്ങളിലൂടെ മനസ്സിലാക്കാം. ആദമിന് ശേഷം ചില വ്യക്തികളിലൂടെ ആ കൂട്ടായ്മ നിലനിർത്തുന്ന ദൈവം. പുറപ്പാട് സംഭവത്തിന് ശേഷം ഇസ്രയേൽ സമൂഹവുമായി ആ കൂട്ടായ്മ തുടരുകയാണ്. അവർക്കൊപ്പം വസിച്ചും, സഞ്ചരിച്ചും, അവരെ സുരക്ഷിതമാക്കിയും ആ കൂട്ടായ്മ ബന്ധം നിലനിർത്തുന്ന മനോഹരമായ കാഴ്ചയാണ് മരുഭൂമി യാത്ര. എന്നാൽ കനാനിൽ വാസമുറപ്പിച്ച ജനത്തോട് ആലയത്തിലേക്ക് എത്താൻ പറയുമ്പോൾ. ആ ദൈവം നമ്മുടെ കൂട്ടായ്മയെ ക്ഷണിക്കുകയാണ്.
Advertisement

Advertisement

Share on:
Next Story →ആത്മാവിലുള്ള പ്രാർത്ഥന
