Doulos PublicationDigital Edition
Kairos Journal - Read. Write. Research. Inform.
Home•News

യുവാക്കളേ... ഇതിലെ... ഇതിലെ..

by AdminOct 30, 20265 Minutes
Article Image
യുവാക്കളേ... ഇതിലെ... ഇതിലെ... സഭ വെറുമൊരു ആരാധനാസ്ഥലമല്ല; ക്രിസ്തുവിന്റെ ശരീരമായ കൂട്ടായ്മയാണ്. ആ കൂട്ടായ്മയെ ചലിപ്പിക്കേണ്ട മൂല്യമേറിയ വ്യക്തികളാണ് സഭയിലെ യുവാക്കൾ. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് വന്ന്, ആശീർവാദം പറയുന്നതിനു മുമ്പേ വീട്ടിലെത്തുന്ന ഒരു ആരാധനാരീതിയല്ല യുവതലമുറയിൽ നിന്ന് സഭ പ്രതീക്ഷിക്കേണ്ടത്. ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച്, ഞായറാഴ്ച ആരാധനയ്ക്കുള്ള ക്രമീകരണങ്ങളിൽ പങ്കാളികളായി, പാട്ടും പ്രസംഗവും കടന്ന്, ആശീർവാദത്തിനും അപ്പുറം നീളുന്ന ഒരു ശുശ്രൂഷാജീവിതമാണ് അവരിലൂടെ സഭയിൽ വെളിപ്പെടേണ്ടത്. മരണത്തിനപ്പുറം നിൽക്കുന്ന പ്രത്യാശ നിറഞ്ഞൊരു ജീവിതം കർത്താവ് നമുക്ക് ദാനമായി നൽകിയിട്ടുണ്ടെങ്കിൽ, ആശീർവാദത്തിനും അപ്പുറം നീളുന്ന ഒരു ശുശ്രൂഷാജീവിതം കർത്താവിന്റെ സന്നിധിയിൽ സമർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. സഭയുമായുള്ള ബന്ധം ആരാധനയിൽ അവസാനിക്കരുത്, ശനിയാഴ്ച വൈകുന്നേരം സഭയിലെ യുവാക്കൾ കസേരകൾ ക്രമീകരിച്ചും ആരാധനാലയം വൃത്തിയാക്കിയും ആരംഭിക്കുന്ന ആ മനോഹര നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിൽ കേവലം ഒരു ആരാധനയ്ക്കുള്ള ഒരുക്കമല്ല നടക്കുന്നത്; ഒരു തലമുറ സഭയുമായി ആത്മബന്ധം സ്ഥാപിക്കുകയാണ്. എന്നാൽ പലപ്പോഴും, ദൈവകൃപയാൽ നമുക്ക് ലഭിച്ച മാതാപിതാക്കൾ തന്നെ ആ അവസരങ്ങൾ യുവതലമുറയിൽനിന്ന് അറിയാതെ എടുത്തുമാറ്റുന്നു. ചിലർ അതെല്ലാം പാസ്റ്ററുടെ ചുമതലയായി കാണുന്നു. മറ്റുചിലർ സംഘാടകരുടെ ഉത്തരവാദിത്വമായി കരുതുന്നു. ഫലമോ? യുവതലമുറയ്ക്ക് സഭയുമായി ഒരു ജൈവികബന്ധം രൂപപ്പെടാതെ പോകുന്നു. സഭ അവരുടെ കണ്ണിൽ ഞായറാഴ്ച പാട്ടുകേൾക്കാനും പ്രസംഗം കേൾക്കാനും മാത്രമുള്ള ഒരിടമായി മാറുന്നു. കാലം കടന്നുപോകുമ്പോൾ, സ്വന്തം വിവാഹം ആഘോഷിക്കാനും കുടുംബത്തിലെ മരണാനന്തര ശുശ്രൂഷകൾ നടത്താനും മാത്രം സമീപിക്കുന്ന ഒരിടമായി സഭയെ അവർ കാണുന്ന സാഹചര്യം പോലും ഉണ്ടായേക്കാം. സഭയിലേക്ക് വരുന്നത് ഒരു ശീലമാകുന്നതും സഭയുടെ ഭാഗമായി ജീവിക്കുന്നത് ഒരു ജീവിതശൈലിയാകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു സഹവിശ്വാസിയുടെ കുടുംബത്തിൽ മരണം സംഭവിക്കുമ്പോൾ അവരുടെ ദുഃഖത്തിൽ പങ്കുചേരാൻ കഴിയണം. അവരുടെ കുടുംബത്തിൽ വിവാഹം നടക്കുമ്പോൾ അവരോടൊപ്പം സന്തോഷിക്കാൻ കഴിയണം. ഒരു സഹവിശ്വാസി രോഗശയ്യയിൽ കഴിയുമ്പോൾ നമ്മുടെ സാന്നിധ്യംകൊണ്ട് അവർക്ക് ആശ്വാസമാകാൻ കഴിയണം. അതിനെല്ലാം കഴിയണമെങ്കിൽ, സഭയുമായുള്ള നമ്മുടെ ബന്ധം ഞായറാഴ്ചയിലെ ആരാധനയിൽ മാത്രം ഒതുങ്ങരുത്. നാം സഭയുടെ ഭാഗമായി ജീവിക്കണം. നമ്മുടെ മക്കളും അടുത്ത തലമുറയും സഭയുടെ ഭാഗമായി വളരണം. കാരണം, സഭയിൽ ഒരുമിച്ചിരുന്ന് ആരാധിക്കുന്നവർ മാത്രമല്ല, പരസ്പരം താങ്ങായും തണലായും മാറുന്നവരാണ് യഥാർഥ കൂട്ടായ്മയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പായ വിരിക്കുന്നതുമുതൽ ഞായറാഴ്ച ആശീർവാദത്തിനുശേഷം അതേ പായ മടക്കിവെക്കുന്നതുവരെ നീളുന്ന ശുശ്രൂഷകളിൽ നാം ഓരോരുത്തരും പങ്കാളികളാകണം. ഒരു കസേര ക്രമീകരിക്കുന്നതും ശുശ്രൂഷയാണ്. ആരാധനാലയം വൃത്തിയാക്കുന്നതും ശുശ്രൂഷയാണ്. ഒരു മൈക്ക് ക്രമീകരിക്കുന്നതും ശുശ്രൂഷയാണ്. ഒരു സഹോദരനെ ചേർത്തുപിടിക്കുന്നതും ശുശ്രൂഷയാണ്. ദുഃഖിക്കുന്ന ഒരു കുടുംബത്തോടൊപ്പം നിൽക്കുന്നതും ശുശ്രൂഷയാണ്. ശുശ്രൂഷ എന്നത് പ്രസംഗപീഠത്തിൽ നിൽക്കുന്നവരുടെ മാത്രം അവകാശമല്ല. പാട്ടുപാടുന്നവർക്കും പ്രസംഗിക്കുന്നവർക്കും മാത്രമല്ല സഭയിൽ സ്ഥാനമുള്ളത്. സഭയിൽ ഒരു പായ മുതൽ ഒരു മൈക്ക് വരെ, ഒരു ചെറിയ ക്രമീകരണം മുതൽ വലിയ ഉത്തരവാദിത്വം വരെ, ഓരോന്നിനും അതിന്റേതായ മൂല്യമുണ്ട്. മനുഷ്യരുടെ കണ്ണിൽ ചെറുതെന്നു തോന്നുന്ന കാര്യങ്ങൾപോലും കർത്താവിനുവേണ്ടി ചെയ്യുമ്പോൾ അവയ്ക്ക് വലിയ ആത്മീയമൂല്യമുണ്ട്. പ്രിയ യുവാക്കളേ, ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുകയാണ്. സഭയുടെ പ്രവർത്തനങ്ങളിൽ കാഴ്ചക്കാരായി മാത്രം നിൽക്കരുത്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നിടങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുക. ആരെയും കാത്തുനിൽക്കാതെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ആരും കാണുന്നില്ലെങ്കിലും വിശ്വസ്തതയോടെ പ്രവർത്തിക്കുക. ആരും അഭിനന്ദിക്കുന്നില്ലെങ്കിലും സന്തോഷത്തോടെ ശുശ്രൂഷിക്കുക. ഒരു സഭയുടെ ഭാവി അതിന്റെ കെട്ടിടങ്ങളുടെ വലുപ്പത്തിലോ സൗകര്യങ്ങളുടെ സമൃദ്ധിയിലോ മാത്രമല്ല; അതിന്റെ യുവതലമുറയുടെ ആത്മീയ വളർച്ചയിലും ശുശ്രൂഷാമനോഭാവത്തിലുമാണ്. യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, ഇന്നത്തെ സഭയുടെ പ്രവർത്തനശക്തി കൂടിയാണ്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ നിങ്ങളുടെ പങ്കാളിത്തം വെളിപ്പെടട്ടെ. നിങ്ങളുടെ കൈകൾ ശുശ്രൂഷയ്ക്കായി ഉയരട്ടെ. നിങ്ങളുടെ കാലുകൾ സുവിശേഷത്തിനായി സഞ്ചരിക്കട്ടെ. നിങ്ങളുടെ ഹൃദയം സഹവിശ്വാസികൾക്കായി തുറക്കപ്പെടട്ടെ. നിങ്ങളുടെ യൗവനം കർത്താവിന്റെ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെടട്ടെ. ആരും പറയാൻ കാത്തുനിൽക്കേണ്ടതില്ല. ആരും നിർബന്ധിക്കാൻ കാത്തിരിക്കേണ്ടതില്ല. ആരും അഭിനന്ദിക്കാൻ കാത്തിരിക്കേണ്ടതില്ല. “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നെന്നപോലെ മനസ്സോടെ ചെയ്‌വിൻ.” — കൊലൊസ്സ്യർ 3:23

Advertisement

Advertisement

Advertisement

Advertisement
Share on: